Sunday, November 13, 2011

'സദാചാര'കേരളം

ഈ 'സാക്ഷരകേരള'ത്തിന്റെ പോക്ക് എങ്ങോട്ടാണ്?ഒരു നിരപരാധിയെ കൊന്നിട്ട് അധികമായിട്ടില്ല.
അതിന്റെ  ഓര്‍മ്മകള്‍ മായും മുമ്പേ ഇതാ വേറൊന്ന്!ഈ ഒരു ഉത്സാഹം ജനോപകാരപ്രദമായ
കാര്യങ്ങളില്‍ കാണിച്ചിരുന്നെങ്കില്‍ നമ്മുടെ നാട് ഇന്ന് എവിടെ എത്തിയേനെ?! എത്ര മോശമായ കാര്യങ്ങള്‍ നമ്മുടെചുറ്റുപാടുകളില്‍ നടക്കുന്നു?
അതിനെതിരെ ഒന്ന് പ്രതികരിക്കാന്‍ പോലും ആളുകളില്ല.ഒരാളെ കുറ്റപ്പെടുത്താനും
അതിന്റെ പേരില്‍ അയാളെ ശിക്ഷിക്കാനും നമ്മുടെ ആളുകള്‍ക്കുള്ള താല്പര്യം അപാരം!പ്രത്യേകിച്ചു കുറച്ചു
സ്ത്രീകള്‍ (അല്ലെങ്കില്‍ ഒരു സ്ത്രീ )മാത്രം താമസിക്കുന്ന വീട്ടിലേക്കു ആളുകള്‍ക്ക് 'ഭയങ്കര' ശ്രദ്ധയാണ്. അവിടെ ആരൊക്കെ വരുന്നു,എവിടൊക്കെ പോകുന്നു എന്നൊക്കെ നോക്കാനും വന്നവരെ ആരെയെങ്കിലും കിട്ടിയാല്‍ തല്ലാനും കൊല്ലാനും ആള്‍ക്കൂട്ടം റെഡി.എന്നാല്‍ അവര്‍ക്കൊരു സഹായംവേണ്ടി വന്നാല്‍ അതിനൊന്നും ഈ ആളുകളെ  കിട്ടില്ല.
ആരാന്റെ പുറത്തിട്ടു കൂട്ടത്തല്ല് നടക്കുമ്പോള്‍ കൊടുക്കാന്‍ ആളു കൂടുമല്ലോ.

                       കൊടിയത്തൂരില്‍ നിന്നും വന്ന വാര്ത്ത  അത്ര നല്ലതല്ല.സദാചാര പോലീസിന്റെ  ആക്രമണം കുറെ കടുത്തുപോയി.ഒരാളുടെ ജീവന്‍ എടുക്കാനുള്ള അവകാശം ആര്‍ക്കും  ഇല്ല;അത് എന്തിന്റെ പേരിലായാലും.ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്.ആളുകള്‍ തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കാനുള്ള സംവിധാനം ഇവിടുണ്ട്.അല്ലെങ്കില്‍ തന്നെ 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന് പറഞ്ഞാല്‍ അതിനു യോഗ്യരായവര്‍ എത്രയുണ്ടിവിടെ?
ഒരാളെ വിചാരണ പോലും ചെയ്യാതെ ശിക്ഷിക്കുന്ന സമ്പ്രദായം ലോകത്തെവിടെയാണുള്ളത്?അയാള്‍ക്കും എന്തെങ്കിലും പറയാനുണ്ടാവില്ലേ?

                      ഒരു തീവണ്ടിമുറിയില്‍ ഒരു നരാധമന്റെ പീഢനത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടിയും ഒരു കൂട്ടം ആളുകളാല്‍ മരണപ്പെട്ട ഈ യുവാവും എന്ത് തെറ്റ് ചെയ്തു?തീവണ്ടിയില്‍ അവള്‍ക്കു  സഹായം നല്‍കാന്‍ ആളുകളുണ്ടായിരുന്നില്ല.
എന്നാല്‍ ഇവിടെ ആള്‍ക്കൂ ട്ടത്തിന്റെ മര്‍ദ്ദനം ഏറ്റു തളര്‍ന്നു  വീണ യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ആളുകള്‍ തയ്യാറായില്ല.മറിച്ച് അതിനു മുന്നോട്ടു വന്ന ആളുകളെ നിരുല്സാഹപ്പെടുത്തുകയാണുണ്ടായത്‌.നിസംഗരായി ഇതൊക്കെ ഇതൊക്കെ നോക്കി നിന്ന ആളുകള്‍ അവിടെയും ഉണ്ടായിരിക്കുമല്ലോ?അല്ലെങ്കില്‍ അതൊക്കെ തന്റെ മൊബൈലില്‍ പകര്‍ത്തു ന്ന തിരക്കിലാവും.

                     ഇതില്‍ ഭാഗഭാക്കായ എല്ലാ 'സദാചാരപോലീസു'കാരെയും നിയമത്തിനു മുമ്പില്‍ കൊണ്ടു വരണം.കനത്ത ശിക്ഷ കൊടുക്കണം.ഇനിയൊരു പെരുമ്പാവൂരോ കൊടിയത്തൂരോ ഉണ്ടാവരുത്.ആക്രമണത്തിന്റെയ പിന്നിലുള്ള കാരണം ചര്‍ച്ച ചെയ്യുകയല്ല വേണ്ടത്.ഇനി ചര്‍ച്ചക്കെടുക്കുകയാണെങ്കില്‍; അങ്ങനെ ഒരു സംഭവം(ആ വീട്ടില്‍ സ്ഥിരമായി ഇയാള്‍ വന്നിരുന്നെന്ന ആരോപണം)ഉണ്ടായതില്‍ ഈ ജനക്കൂട്ടത്തിനും പങ്കുണ്ട്.ആ വീട്ടുകാര്‍ അതന്വേഷിക്കാന്‍വേണ്ടി ഒരു പരാതി കൊടുത്തതായി ആരും റിപ്പോര്ട്ട് ‌ ചെയ്തിട്ടില്ല.അങ്ങനെ ഒരു പരാതി വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ഉണ്ടായിരുന്നെങ്കില്‍ ഈ'സദാചാരക്കാര്‍ക്ക് 'അന്വേഷിച്ചു മാന്യമായ രീതിയില്‍ പരിഹരിക്കാമായിരുന്നു.