Thursday, October 13, 2011

'ദുരന്ത 'നിവാരണ ദിനം

                   ലോക ദുരന്ത നിവാരണ ദിനത്തില്‍ ഞാന്‍ പറയുന്നത് നിങ്ങളു ദ്ദേശിച്ച ദുരന്തമല്ല. എന്തെങ്കിലും ദുരന്തങ്ങള്‍ അല്ലെങ്കില്‍ അപകടങ്ങള്‍ നടക്കുമ്പോള്‍ ഉണ്ടാവുന്ന വേറൊരു ദുരന്തമാണ് ഉദ്ദേശിച്ചത്‌ ;അവക്കുള്ള നിവാരണവും .
                     ഇന്ന്  എല്ലാവരുടെയും കയ്യിലുള്ള മൊബൈല്‍ എല്ലാ വിധ സാങ്കേതിക വിദ്യകളും അടങ്ങിയതാണല്ലോ. ഒരു അപകടം നടന്നാല്‍ (അത് റോഡിലോ പുഴയിലോ മറ്റെവിടെയെങ്കിലും ആവട്ടെ ) അവിടെ എത്തുന്നചില ക്യാമറാമാന്‍മാരുണ്ട് .അവര്‍ക്കവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലോ അല്ലെങ്കില്‍ അതില്‍ സഹായിക്കുന്നതിലോ ആവില്ല നോട്ടം. സംഭവം തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതിലും അത് എത്രയും പെട്ടെന്ന് യുട്യൂബിലോ ഫേസ്ബുക്കിലോ അപ്‌ലോഡ്‌ ചെയ്യുന്നതിലുമാവും . അവരെ കൊണ്ടു രക്ഷാപ്രവര്‍ത്തനത്തിനു നേരിടുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. അവര്‍ക്ക് പല ആംഗിളുകളില്‍  നിന്നും അപകടം പകര്‍ത്താന്‍ മറ്റുള്ളവരുടെ ബുദ്ധിമുട്ട് നോക്കേണ്ടതില്ലല്ലോ.
                        ഇനി മറ്റൊരു ദുരന്തം , അപകടങ്ങള്‍ നടക്കുന്ന സ്ഥലത്തുനിന്നും ആളുകളെ ആശുപത്രിയിലെക്കെത്തിക്കാന്‍  തന്റെ വാഹനം നല്‍കാന്‍ മടിയുള്ള ഒരു പാടു വാഹനയുടമകള്‍ ഉണ്ടിവിടെ. (ഭൂരിപക്ഷം നല്ല ആളുകളെ മറന്നുകൊണ്ടല്ല ഞാനിത് പറയുന്നത് ) സ്വന്തം വണ്ടിയില്‍ അഴുക്കാവുമെന്നതും തന്റെ സമയം മറ്റുള്ളവര്‍ക്ക് വേണ്ടി ചിലവാക്കാനുള്ള മടിയും അല്ലെങ്കില്‍ പിന്നീടു വന്നേക്കാവുന്ന കേസും നൂലാമാലകളും എല്ലാമായിരിക്കാം ഈ നിരാസത്തിന് പിന്നില്‍.പക്ഷെ അപകടത്തില്‍ പെട്ടവന്റെ സ്ഥാനത്തു താനോ തന്റെ വേണ്ടപ്പെട്ടവരോ ആയിരുന്നെങ്കിലും നമ്മുടെ ചിന്ത ഇങ്ങനെ തന്നെ ആവുമോ?
                       ഈ രണ്ടു ദുരന്തങ്ങളും എത്രയും പെട്ടെന്ന് തന്നെ മാററിയെടുക്കേണ്ടതാണ് . ഈ ദുരന്ത നിവാരണ ദിനത്തില്‍ അതാണ്  നമ്മള്‍ ആചരിക്കേണ്ടത്.